സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യവ്യാപകമായി 5ജി ആരംഭിക്കാന്‍ ജിയോ

ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം കമ്പനികള്‍ 5ജി സേവനങ്ങള്‍ അവതരിപ്പിക്കാനുള്ള മത്സരത്തിലാണ്. സ്‌പെക്ട്രം ലേലം കഴിഞ്ഞു. ഇനി 5ജി സേവനങ്ങള്‍ ആദ്യം ആര്‌ ആരംഭിക്കുമെന്നാണ് ചോദ്യം. ഓഗസ്റ്റ് അവസാനത്തോടെ 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്ന് എയര്‍ടെല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ജിയോയുടെ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ വരികയാണ്. ഈ വര്‍ഷം ഓഗസ്റ്റ് 15 ന് തന്നെ ജിയോ 5ജി സേവനങ്ങള്‍ക്ക് തുടക്കമിട്ടേക്കുമെന്നാണ് എക്കോണമിക് ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യ വ്യാപകമായി 5ജി അവതരിപ്പിക്കുന്നതിലൂടെ തങ്ങള്‍ 'ആസാദി കാ അമൃത മഹോത്സവ്' കൊണ്ടാടുമെന്ന് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ലോകോത്തരവും താങ്ങാനാവുന്നതുമായ 5ജിയും 5ജി അനുബന്ധ സേവനവും വാഗ്ദാനം ചെയ്യുന്നതിന് ജിയോ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തിന് കരുത്ത് പകരുന്ന സേവനങ്ങളും, പ്ലാറ്റ്‌ഫോമുകളും, സൊലൂഷനുകളും ഞങ്ങള്‍ നല്‍കും. പ്രത്യേകിച്ചും വിദ്യാഭ്യാസം, ആരോഗ്യപാലനം, കൃഷി, നിര്‍മാണം, ഇ-ഗവേണന്‍സ് രംഗങ്ങളില്‍.' 5ജി സ്‌പെക്ട്രം ലേലത്തിന് ശേഷം ആകാശ് അംബാനി പറഞ്ഞു. ലേലത്തില്‍ ഏറ്റവും അധികം സ്‌പെക്ട്രം വാങ്ങിയ സ്ഥാപനം ജിയോയാണ്.

സ്വാതന്ത്ര്യലബ്ദിയുടെ 75 വര്‍ഷങ്ങള്‍ കൊണ്ടാടുന്നതിന്റെ ഭാഗമായി നരേന്ദ്രമോദി ഭരണകൂടം മുന്നോട്ടുവെക്കുന്ന ഉദ്യമമാണ് 'ആസാദി കാ അമൃത മഹോത്സവ്'. ഓഗസ്റ്റ് 15ന് തന്നെ സര്‍ക്കാര്‍ രാജ്യത്ത് 5ജി ആരംഭം പ്രഖ്യാപിച്ചേക്കും.

രാജ്യവ്യാപകമായി ഫൈബര്‍, ഓള്‍-ഐപി നെറ്റവര്‍ക്ക്, വിന്യസിച്ചിട്ടുള്ളതുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ രാജ്യത്ത് 5ജി എത്തിക്കുന്നതിന്‌ ജിയോ പൂര്‍ണമായും തയ്യാറാണ്.

രാജ്യവ്യാപകമായി ഫൈബര്‍ സാന്നിധ്യം, ഓള്‍-ഐപി നെറ്റ്വര്‍ക്ക്, തദ്ദേശീയമായ 5ഏ സ്റ്റാക്ക്, ടെക്നോളജി രംഗത്തെ ശക്തമായ ആഗോള പങ്കാളിത്തം എന്നിവ കാരണം ചുരുങ്ങിയ സമയത്തിനുള്ളില്‍ 5 ജി
എത്തിക്കാന്‍ ജിയോ പൂര്‍ണ്ണമായും തയ്യാറാണ്. എന്ന് കമ്പനി പറയുന്നു. ഇപ്പോള്‍, വലിയ അഭിലാഷത്തോടെയും ശക്തമായ നിശ്ചയദാര്‍ഢ്യത്തോടെയും 5ജി യുഗത്തിലേക്ക് ഇന്ത്യയെ നയിക്കാന്‍ ജിയോ ഒരുങ്ങുകയാണ്,' ആകാശ് അംബാനി പറഞ്ഞു.

700 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍ മികച്ച ഗുണമേന്മയുള്ള നെറ്റ് വര്‍ക്ക് ഒരുക്കാന്‍ ജിയോയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ചും കെട്ടിടങ്ങള്‍ക്കുള്ളില്‍ തടസമില്ലാത്ത സേവനം നല്‍കുന്ന കാര്യത്തില്‍ ജിയോയ്ക്ക് മുന്‍തൂക്കം ലഭിച്ചേക്കും.

Post a Comment