നമ്മില്‍ പലരും 4ജി ഫോണുകള്‍ക്കു പകരം 5ജി ഫോണ്‍ വാങ്ങിയതും വാങ്ങാനിരിക്കുന്നതും അവയക്ക് അടുത്ത തലമുറയിലെ അതിവേഗ ഡേറ്റാ സേവനം സ്വീകരിക്കാന്‍ കഴിവുണ്ട് എന്ന കാരണത്താലാണ്. എന്നാല്‍, 5ജി ഡേറ്റാ പ്രസരണം ഒരു രീതിയിലല്ല നടക്കുന്നത് എന്ന് അറിഞ്ഞിരിക്കണം. അടുത്ത തലമുറിയിലെ ഡേറ്റ പ്രക്ഷേപണത്തിന് മൂന്നു പ്രധാന വിഭാഗങ്ങളാണ് ഉള്ളത്. ഇവയ്ക്ക് ഉപ വിഭാഗങ്ങളും ഉണ്ട്.
അതായത്, എല്ലാ ഫോണുകള്‍ക്കും 5ജിയുടെ മുഴുവന്‍ കരുത്തും നല്‍കാന്‍ സാധിച്ചേക്കില്ല. നേരത്തെ 5ജി എന്ന പേരുമായി ഇറങ്ങിയ ചില ഹാന്‍ഡ്‌സെറ്റുകളും ഇപ്പോള്‍ വിപണിയിലുള്ള ചില ഹാന്‍ഡ്‌സെറ്റുകളും ഇത്തരത്തില്‍ 5ജി എന്ന പേരുണ്ടെങ്കിലും പരിമിതികള്‍ ഉള്ളവയാണ് എന്ന കാര്യം അറിഞ്ഞ ശേഷം ഫോണ്‍ വാങ്ങുക.
blr-5g
അപ്പോള്‍ നേരത്ത 5ജി ഫോണ്‍ വാങ്ങിയവര്‍ പെട്ടോ?
ഇല്ല. അതായത്, നല്ല കമ്പനികളുടെ 5ജി ഹാന്‍ഡ്‌സെറ്റുകള്‍ വാങ്ങിയവര്‍ക്ക് പ്രശ്‌നമായിരിക്കില്ല. അവ പല പ്രധാനപ്പെട്ട ബാന്‍ഡുകളും സ്വീകരിക്കാന്‍ സജ്ജമായിരിക്കാമെന്നാണ് കരുതുന്നത്.
മൊത്തം 12 ബാന്‍ഡുകള്‍ കമ്പനികള്‍ ലേലത്തില്‍ പിടിച്ചു
റിലയന്‍സ് ജിയോ, ഭാര്‍തി എയര്‍ടെല്‍, വൊഡാഫോണ്‍-ഐഡിയ (വി), അദാനി ഗ്രൂപ്പ് എന്നീ നാലു കമ്പനികളാണ് ബാന്‍ഡുകള്‍ കേന്ദ്രം നടത്തിയ ലേലത്തില്‍ സ്‌പെക്ട്രം സ്വന്തമാക്കിയത്. ഓരോ കമ്പനിയും ഏതെല്ലാം ബാന്‍ഡുകളാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നു പരിശോധിക്കുകയാണ് ഇനി ചെയ്യേണ്ടത്.
ലോ-സ്‌പെക്ട്രം ബാന്‍ഡുകള്‍
എന്‍28 (700മെഗാഹെട്‌സ്), എന്‍5 (800മെഗാഹെട്‌സ്) എന്നീ ബാന്‍ഡുകള്‍ ജിയോയും, എന്‍8 (900മെഗാഹെട്‌സ്) ബാന്‍ഡ് എയര്‍ടെലും സ്വന്തമാക്കി. മുകളില്‍ പറഞ്ഞ മൂന്നു ബാന്‍ഡുകളെയും ലോ-സ്‌പെക്ട്രം ബാന്‍ഡുകളായി ആണ് കാണുന്നത്. ഇവയ്ക്ക് ഒരു ടവറില്‍ നിന്ന് അധികം സ്ഥലത്തേക്ക് സിഗ്നല്‍ എത്തിക്കാനുള്ള ശേഷിയുണ്ടായിരിക്കും. പക്ഷെ, മറ്റു ബാന്‍ഡുകള്‍ക്ക് ലഭിക്കുന്നത്ര ഡേറ്റാ സ്പീഡ് ലഭിക്കില്ല. എന്നാല്‍, ഇതും 4ജിയേക്കാള്‍ പല മടങ്ങ് സ്പീഡ് നല്‍കുകയും ചെയ്യും. ഗ്രാമീണ മേഖലകളില്‍ ഈ ബാന്‍ഡുകളായിരിക്കാം കമ്പനികള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. വീടുകള്‍ നഗരങ്ങള്‍ക്കു വെളിയിലാണെങ്കില്‍ ഇത്തരം ബാന്‍ഡുകള്‍ ഉള്ള ഫോണുകളായിരിക്കാം അടുത്ത ഏതാനും വര്‍ഷത്തേക്കെങ്കിലും ഉചിതം.
Ambani vs Adani at 5G auction but no direct market clash yet
മിഡ്-സ്‌പെക്ട്രം
എന്‍3 (1800മെഗാഹെട്‌സ്) ബാന്‍ഡ്, ജിയോയും, എയര്‍ടെല്ലും, വിയും സ്വന്തമാക്കി. എന്‍1 (2100മെഗാഹെട്‌സ്), എയര്‍ടെല്ലും, വിയും ലേലത്തില്‍ പിടിച്ചു. എന്‍41 (2500മെഗാഹെട്‌സ്) വി മാത്രം വാങ്ങി. ഈ മിഡ്-സ്‌പെക്ട്രത്തില്‍ ലോ-സ്‌പെക്ട്രത്തെക്കാള്‍ സ്പീഡ് കിട്ടും. പക്ഷെ, ഒരു ടവറിന് എത്തിക്കാവുന്ന ഡേറ്റയുടെ പരിധി കുറയും. അതായത്, ലോ-സ്‌പെക്ട്രത്തില്‍ 1 ടവറില്‍ നിന്നു എത്തിച്ചു നല്‍കുന്ന അത്ര അകലത്തില്‍ സിഗ്നല്‍ എത്തിക്കാന്‍ ഒന്നലേറെ ടവര്‍ വേണ്ടിവരും. പക്ഷെ സ്പീഡില്‍ ഡേറ്റ നല്‍കാന്‍ സാധിക്കും. നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും ഉള്ളവര്‍ ഈ ബാന്‍ഡുകളെക്കുറിച്ച് ശ്രദ്ധിക്കുന്നതും നന്നായിരിക്കും.
ഹൈ-സ്‌പെക്ട്രം ബാന്‍ഡ്
എംഎംവേവ് അല്ലെങ്കില്‍ ഹൈ-സ്‌പെക്ട്രം ബാന്‍ഡിലാണ് ഏറ്റവുമധികം സ്പീഡ് ലഭിക്കുക. പക്ഷെ, അതിന്റെ പ്രക്ഷേപണ പരിധി പരിമിതമായിരിക്കും. ഇതില്‍ എന്‍78 (3300-3800മെഗാഹെട്‌സ്), എന്‍77 (3300-4200മെഗാഹെട്‌സ്) എന്നിവ എയര്‍ടെല്ലും, ജിയോയും, വിയും വാങ്ങിയിട്ടുണ്ട്. എന്‍258ഗിഗാഹെട്‌സ് (24.25-27.5ഗിഗാഹെട്‌സ്) ആകട്ടെ മൂന്നു ടെലകോം ഭീമന്മാരെ കൂടാതെ, അദാനി ഗ്രൂപ്പും സ്വന്തമാക്കി. എംഎംവേവിലാണ് ഏറ്റവുമധികം കരുത്തില്‍ ഡേറ്റ പ്രക്ഷേപണം ചെയ്യാന്‍ സാധിക്കുക. പക്ഷെ ഇതിന്റെ പരിധി വളരെ കുറവായിരിക്കും. ഇത് പ്രയോജനപ്പെടുത്തുക ബിസിനസ് സ്ഥാപനങ്ങളായിരിക്കും എന്നാണ് കരുതുന്നത്. പ്രത്യക്ഷത്തില്‍ തങ്ങളുടേത് അടക്കമുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്ക് അതിവേഗ ഡേറ്റ എത്തിച്ചുകൊടുക്കാന്‍ മാത്രമാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്.
k10-5g
ഏതു 5ജി ഹാന്‍ഡ്‌സെറ്റാണ് നല്ലത്?
ഏറ്റവും നല്ല ഹാന്‍ഡ്‌സെറ്റ് എല്ലാ 12 ബാന്‍ഡുകളും സ്വീകരിക്കാന്‍ കെല്‍പ്പുള്ളതായിരിക്കണം. അങ്ങനെയാണെങ്കില്‍ രാജ്യത്തുള്ളതോ, ഇന്ത്യയ്ക്കു വെളിയിലൊ ഉള്ള ഏതു നഗരത്തിലെത്തിയാലും മികച്ച സ്പീഡ് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താം. പക്ഷെ, ഇന്ത്യയില്‍ മാത്രമാണെങ്കില്‍ എന്‍28-എന്‍78 വരെയുള്ള ആദ്യത്തെ 8 ബാന്‍ഡുകളെങ്കിലും ഉള്ള ഫോണ്‍ കിട്ടിയാല്‍ മതിയായേക്കും. ഇനി 5ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ ഈ ബാന്‍ഡുകള്‍ എങ്കിലും ഉള്ള ഫോണ്‍ വാങ്ങുന്നതായിരിക്കും ഉചിതം.
ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമായ മികച്ച 5ജി ഹാന്‍ഡ്‌സെറ്റുകളില്‍ വിദഗ്ധര്‍ ഉള്‍ക്കൊള്ളിക്കുന്നത് ഐഫോണ്‍ 13 സീരിസ്, നതിങ് ഫോണ്‍ (1), റിയല്‍മി ജിടി2 പ്രോ, ഗ്യാലക്‌സി എസ്22 സീരിസ്, വണ്‍പ്ലസ് 10ടി എന്നിവയാണ്. (ആപ്പിള്‍ കമ്പനി ഇറക്കുന്ന ഫോണുകളില്‍ ഐഫോണ്‍ 12 സീരിസ്, ഐഫോണ്‍ എസ്ഇ (2022) എന്നീ സീരിസുകളില്‍ മാത്രമെ 5ജി ഉള്ളു.) അതേസമയം, 8 ബാന്‍ഡുകളില്‍ പലതും നല്‍കുന്ന ഹാന്‍ഡ്‌സെറ്റുകളും ഉണ്ട്. ഇവയില്‍ തന്നെ എന്‍77, എന്‍3, എന്‍5, എന്‍8 ബാന്‍ഡുകള്‍ എല്ലാമോ, ചിലതോ ഇല്ലാത്ത 5ജി സെറ്റുകളും ഉണ്ട്. ഇവയില്‍ ചിലത് നഗരങ്ങളില്‍ മികച്ച സ്പീഡ് നല്‍കിയേക്കും. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ നല്ല പ്രകടനം നല്‍കണമെന്നില്ല. ഉദാഹരണത്തിന് എന്‍5, എന്‍8 ബാന്‍ഡുകള്‍ ഇല്ലാത്ത ഫോണുകള്‍ മെട്രോ നഗരങ്ങളിലും, ടയര്‍ 1, ടയര്‍ 2 മേഖലകളിലും മികച്ച പ്രകടനം നടത്തിയേക്കും. എന്നാല്‍, ഇത്തരം ഹാന്‍ഡ്‌സെറ്റുകളുമായി ഗ്രാമ പ്രദേശത്തേക്കു പോയാല്‍ അവിടെ കിട്ടുന്ന മികച്ച സ്പീഡ് ലഭിക്കണമെന്നില്ല.
വില കുറഞ്ഞ പല ഫോണുകളും അടക്കം മുകളില്‍ പറഞ്ഞ വിഭാഗത്തില്‍ ലഭ്യമാണ്. വിവോ ടി1, വിവോ എക്‌സ്70, ഒപ്പോ എഫ്19 പ്രോ പ്ലസ്, റിയന്‍മി നാര്‍സോ 30 5ജി, വണ്‍പ്ലസ് 9പ്രോ തുടങ്ങിയവയൊക്കെ ഈ ഗണത്തില്‍ പെടും.
ഇവ ഉണ്ടോ എന്നു പരിശോധിക്കാം
എന്‍28, എന്‍5, എന്‍3, എന്‍1, എന്‍41, എന്‍77, എന്നീ ബാന്‍ഡുകള്‍ ഇല്ലാത്ത 5ജി ഫോണാണ് വാങ്ങിയിരിക്കുന്നതെങ്കില്‍ എല്ലായിടത്തും ഒരേ പോലെ റിസപ്ഷന്‍ ലഭിക്കണമെന്നില്ല.
വാങ്ങിയ അല്ലെങ്കില്‍ വാങ്ങാന്‍ പോകുന്ന ഫോണിന്റെ ബാന്‍ഡുകള്‍ എങ്ങനെ പരിശോധിക്കാം?
ഫോണ്‍ ലഭിച്ച ബോക്‌സിലോ, അല്ലെങ്കില്‍ അതിറക്കിയ കമ്പനിയുടെ വെബ്‌സൈറ്റിലോ ഇക്കാര്യങ്ങള്‍ നല്‍കിയിരിക്കും. കമ്പനിയുടെ വെബ്‌സൈറ്റില്‍ നിങ്ങളുടെ ഫോണിനെക്കുറിച്ച് നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ 'നെറ്റ്‌വര്‍ക്ക്' വിഭാഗത്തില്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ പരിശോധിച്ച ശേഷം പണം മുടക്കുന്നതായിരിക്കും നല്ലത്.