യൂട്യൂബ് വിഡിയോ ഫോട്ടോ പോലെ സൂം ചെയ്യാം! പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

കണ്ടുകൊണ്ടിരിക്കുന്ന വിഡിയോ എട്ടു മടങ്ങ് വരെ സൂം ചെയ്ത് ഒരു പ്രത്യേക സ്ഥലത്ത് നോക്കണമെന്നു തോന്നിയിട്ടുണ്ടോ? ലോകത്തെ ഏറ്റവും ജനപ്രിയ വിഡിയോ പങ്കുവയ്ക്കല്‍ പ്ലാറ്റ്‌ഫോമുകളിലൊന്നായ യൂട്യൂബ് ഒരു പുതിയ ഫീച്ചര്‍ പരീക്ഷണാര്‍ഥം അവതരിപ്പിച്ചു - പിഞ്ച് ടു സൂം. ഈ ഫീച്ചര്‍ ഉപയോഗിച്ചാല്‍ യൂട്യൂബ് വിഡിയോയിലെ ഒരു ഭാഗം എട്ടു മടങ്ങ് വരെ സൂം ചെയ്യാമെന്നാണ് 9ടു5 ഗൂഗിളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആപ്പിളിന്റെ ഐഒഎസിലും ഗൂഗിളിന്റെ ആന്‍ഡ്രോയിഡിലുമുള്ള യൂട്യൂബിന്റെ മൊബൈല്‍ ആപ്പിലാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷിക്കാനായി തുറന്നു നല്‍കിയിരിക്കുന്നത്.

∙ ഈ മാസം പ്രീമിയം വരിക്കാര്‍ക്ക് മാത്രം

പുതിയ ഫീച്ചര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത് യൂട്യൂബിന്റെ പ്രീമിയം വരിക്കാര്‍ക്ക് മാത്രമാണ്. സെപ്റ്റംബര്‍ 1 വരെയാണ് ഇത് പരീക്ഷണഘട്ടത്തില്‍ തുടരുക. തുടര്‍ന്ന് ഉപയോക്താക്കളുടെ പ്രതികരണങ്ങള്‍ വിലയിരുത്തിയ ശേഷം എന്തെങ്കിലും അധിക ക്രമീകരണങ്ങള്‍ വേണമെങ്കില്‍ അത് നടത്തി കൂടുതല്‍ പേർക്ക് നല്‍കിയേക്കാം. വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പിഞ്ച് ടു സൂം ഫീച്ചര്‍ യൂട്യൂബ് വിഡിയോകളില്‍ എത്തിയേക്കുമെന്നു തന്നെയാണ് ഇപ്പോള്‍ വിശ്വസിക്കപ്പെടുന്നത്.

∙ പ്രീമിയം യൂസര്‍ ആണോ? എങ്കില്‍ ഇപ്പോള്‍ പരീക്ഷിക്കാം

യൂട്യൂബ് പ്രീമിയം സേവനം ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ പിഞ്ച് ടു സൂം ഫീച്ചര്‍ ഉപയോഗിച്ചു നോക്കാന്‍ സാധിച്ചേക്കും. യൂട്യൂബ് പ്രീമിയം ഒരു മാസത്തേക്ക് ഫ്രീയായി ലഭിച്ചേക്കുമെന്നതിനാല്‍ ഫീച്ചര്‍ ഉപയോഗിക്കാന്‍ തിടുക്കമുള്ളവര്‍ക്ക് ഇപ്പോള്‍ത്തന്നെ ഫ്രീ അക്കൗണ്ട് സൃഷ്ടിച്ച് അത് ഉപയോഗിക്കാനാവും.

∙ സെറ്റ് ചെയ്യുന്നത് ഇങ്ങനെ

പ്രീമിയം സബ്‌സ്‌ക്രൈബര്‍മാര്‍ യൂട്യൂബ് ആപ്പിന്റെ സെറ്റിങ്‌സ് മെനു തുറക്കുക. പ്രീമിയം സബ്‌സ്‌ക്രൈബര്‍ ആണെങ്കില്‍ 'ട്രൈ ന്യൂ ഫീച്ചേഴ്‌സ്' എന്നൊരു വിഭാഗം സെറ്റിങ്‌സ് പട്ടികയില്‍ കാണാനാകും. സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ഇപ്പോള്‍ പരീക്ഷണാര്‍ഥം നല്‍കിയിരിക്കുന്ന ഏക ഫീച്ചറും പിഞ്ച് ടു സൂം മാത്രമാണ്. അതേസമയം, പ്രീമിയം സബ്‌സ്‌ക്രൈബര്‍ ആയിട്ടു പോലും, ഫീച്ചര്‍ എനേബിൾ ചെയ്ത ശേഷവും തനിക്ക് യൂട്യൂബ് ആപ്പില്‍ വിഡിയോ സൂം ചെയ്യാനായില്ലെന്ന് ‘ദ് വെര്‍ജിനി’ൽ ലേഖനം എഴുതിയ ക്രിസ് വെല്‍ച് സാക്ഷ്യപ്പെടുത്തുന്നു. എനേബിൾ ചെയ്താല്‍ ഉടനെ അതു കിട്ടില്ലായിരിക്കുമെന്നും അല്‍പം കാത്തിരിക്കേണ്ടി വന്നേക്കാമെന്നും അദ്ദേഹം പറയുന്നു.

Post a Comment