Posts

വിഎല്‍സി മീഡിയ പ്ലേയർ ഇന്ത്യയിൽ നിരോധിച്ചു! വെബ്സൈറ്റും ഡൗൺലോഡ് ലിങ്കും ബ്ലോക്ക് ചെയ്തു

വിഡിയോലാൻ പ്രോജക്റ്റ് വികസിപ്പിച്ചെടുത്ത ഏറ്റവും ജനപ്രിയ മീഡിയ പ്ലെയർ സോഫ്‌റ്റ്‌വെയറും സ്‌ട്രീമിങ് മീഡിയ സെർവറുമായ വിഎല്‍സി മീഡിയ പ്ലെയറും ഇന്ത്യയിൽ നിരോധിച്ചു. മീഡിയനാമയുടെ റിപ്പോർട്ട് അനുസരിച്ച് വിഎൽസി മീഡിയ പ്ലെയർ ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നു എന്നാണ് അറിയുന്നത്. എന്നാൽ ഇത് സംഭവിച്ചത് ഏകദേശം 2 മാസം മുൻപാണ്. കമ്പനിയോ കേന്ദ്ര സർക്കാരോ നിരോധനത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.
ചൈനയുടെ പിന്തുണയുള്ള ഹാക്കിങ് ഗ്രൂപ്പായ സിക്കാഡ സൈബർ ആക്രമണങ്ങൾക്ക് പ്ലാറ്റ്ഫോം ഉപയോഗിച്ചതിനാൽ വിഎൽസി മീഡിയ പ്ലെയർ രാജ്യത്ത് നിരോധിച്ചതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദീർഘകാല സൈബർ ആക്രമണ ക്യാംപെയ്‌നിന്റെ ഭാഗമായി മാൽവെയർ ലോഡർ വിന്യസിക്കാൻ സിക്കാഡ വിഎൽസി മീഡിയ പ്ലെയർ ഉപയോഗിക്കുന്നുണ്ടെന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് സുരക്ഷാ വിദഗ്ധർ കണ്ടെത്തിയിരുന്നു.

എന്നാൽ, മീഡിയ പ്ലാറ്റ്‌ഫോം നിരോധിക്കുന്ന കാര്യം കമ്പനിയോ സർക്കാരോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ചില ട്വിറ്റർ ഉപയോക്താക്കളാണ് ഈ റിപ്പോർട്ട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗഗൻദീപ് സപ്ര എന്ന ട്വിറ്റർ ഉപയോക്താക്കളിൽ ഒരാൾ വിഎൽസി വെബ്‌സൈറ്റിന്റെ സ്‌ക്രീൻഷോട്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ഐടി ആക്റ്റ്, 2000 പ്രകാരം ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം വെബ്‌സൈറ്റ് നിരോധിച്ചിരിക്കുന്നു’ എന്നാണ് ട്വീറ്റിൽ കാണിക്കുന്നത്.


നിലവിൽ വിഎൽസി മീഡിയ പ്ലെയർ വെബ്സൈറ്റും ഡൗൺലോഡ് ലിങ്കും രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. ലളിതമായി പറഞ്ഞാൽ രാജ്യത്ത് ഈ പ്ലെയറിന്റെ ഓൺലൈൻ സേവനങ്ങളൊന്നും ലഭിക്കില്ല. ഉപകരണത്തിൽ സോഫ്‌റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർക്കെല്ലാം പ്രശ്നങ്ങള്‍ നേരിട്ടേക്കാം. എസിടിഫൈബർനെറ്റ്, ജിയോ, വോഡഫോൺ ഐഡിയ എന്നിവയുൾപ്പെടെ എല്ലാ പ്രധാന ഐഎസ്പികളിലും വിഎൽസി മീഡിയ പ്ലെയർ നിരോധിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. വിഎൽസി മീഡിയ പ്ലെയറിന് ചൈനീസ് കമ്പനിയുടെ പിന്തുണയില്ല എന്നത് ശ്രദ്ധേയമാണ്. പാരിസ് ആസ്ഥാനമായുള്ള വിഡിയോലാൻ എന്ന സ്ഥാപനമാണ് ഇത് വികസിപ്പിച്ചെടുത്തത്

Post a Comment