Posts

ടെക് ലോകത്ത് വരാനിക്കുന്നത് നിരവധി മാറ്റങ്ങൾ, ഗൂഗിളിന്റേത് വൻ പദ്ധതികൾ.
   ടെക് ലോകം കീഴടക്കാൻ വൻകിട കമ്പനികളെല്ലാം ദിവസവും പുതിയ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. സാമ്പത്തികമായി ലാഭമില്ലാത്ത ഉൽപന്നങ്ങൾ ഉപേക്ഷിച്ച് പുതിയ മേഖലകൾ പരീക്ഷിക്കാനാണ് ഗൂഗിൾ, ഫെയ്സ്ബുക് ഉൾപ്പെടെയുള്ള കമ്പനികളുടെ നീക്കം. ഗൂഗിളിന്റെ പുതിയ പദ്ധതികളിലൊന്ന് ഈ ലോകത്തെ തന്നെ മാറ്റിമറിയ്ക്കാൻ ശേഷിയുള്ളതാണ്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളിലുമുള്ള 20 കോടി പ്രോട്ടീനുകളുടെ 3 ഡി ഘടന നിര്‍മ്മിക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ് ഗൂഗിളിന്റെ ഡീപ്പ് മൈന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. 
ജീവശാസ്ത്രത്തിന്റെ ഏറ്റവും സങ്കീര്‍ണ പ്രശ്‌നങ്ങളിലൊന്നിനാണ് ഇതുവഴി നിര്‍മിത ബുദ്ധി പരിഹാരം കണ്ടിരിക്കുന്നത്. വളരെ സങ്കീര്‍ണമായ വിവരങ്ങള്‍ ഒരു ഗൂഗിള്‍ സെര്‍ച്ചിന് സമാനമായ അനായാസതയില്‍ ലഭിക്കുമെന്നതാണ് ഗവേഷകരെ സംബന്ധിച്ച് ഏറ്റവും പ്രധാന കാര്യം. 

മൃഗങ്ങളുടേയും സസ്യങ്ങളുടേയും മനുഷ്യന്റേയും ബാക്ടീരിയികളുടേയും തുടങ്ങി ജീവനുള്ള എല്ലാത്തിന്റേയും പ്രോട്ടീനുകളുടെ ഘടനയാണ് ഗൂഗിളിന്റെ ഡീപ്‌മൈന്‍ഡ് എന്ന നിര്‍മിത ബുദ്ധി നിര്‍മിച്ചിരിക്കുന്നത്. നിരവധി അസുഖങ്ങള്‍ ഭേദമാക്കുന്നതിന് ഈ നേട്ടം വഴി സാധിക്കുമെന്നും കരുതപ്പെടുന്നു. പ്ലാസ്റ്റിക് മലിനീകരണം പോലുള്ള പ്രശ്‌നങ്ങളെ മറികടക്കാനും ഈ അറിവുകള്‍ നമ്മളെ സഹായിക്കും.

അതേസമയം, നിര്‍മിത ബുദ്ധിയുടെ ഇടപെടല്‍ ഉള്ളതിനാല്‍ തന്നെ ഇതിലുള്ള അപകട സാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പുകളും സജീവമാണ്. മാര്‍ച്ചില്‍ നേച്ചുര്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ഈ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിര്‍മിത ബുദ്ധിയുടെ കണക്കുകൂട്ടലില്‍ നേരിയ പിഴവുകള്‍ സംഭവിച്ചാല്‍ പോലും അന്തിമഫലത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടാവുമെന്നാണ് ഈ പഠനം നല്‍കുന്ന മുന്നറിയിപ്പ്. അതേസമയം ജീവശാസ്ത്രം, നിയമം, സുരക്ഷ തുടങ്ങി വിവിധ മേഖലയിലെ 30 വിദഗ്ധരുടെ പാനലിന്റെ മേല്‍നോട്ടത്തിലും പരിശോധനയിലുമാണ് പഠനഫലം പുറത്തുവിടുന്നതെന്നാണ് ഡീപ് മൈന്‍ഡ് അറിയിക്കുന്നത്.

ഗൂഗിള്‍ എഐ എത്തിക്‌സ് വിഭാഗം മുന്‍ ജീവനക്കാരനായിരുന്ന ടിംനിത്ത് ഗെബ്രു അടക്കമുള്ളവര്‍ ഈ സാങ്കേതികവിദ്യയെക്കുറിച്ചുള്ള ആശങ്കകള്‍ മുന്നോട്ടുവെക്കുന്നുമുണ്ട്. മനുഷ്യര്‍ നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കുന്നത് അസാധ്യമായ ജോലികള്‍ ചെയ്യാന്‍ ഇത്തരം നിര്‍മിത ബുദ്ധി വഴി സാധിക്കും. പ്രത്യേകിച്ച് തൊഴില്‍ നിയമങ്ങളൊന്നും പാലിക്കാതെ തന്നെ കോര്‍പറേറ്റുകള്‍ക്ക് നിര്‍മിത ബുദ്ധി വഴി ഇത്തരം ജോലികള്‍ ചെയ്യിപ്പിക്കാനാകുമെന്നും ഇത് വേര്‍തിരിവു സൃഷ്ടിക്കുമെന്നുമാണ് മറ്റൊരു ആശങ്ക.

അതേസമയം രാജ്യാന്തര തലത്തില്‍ ഗവേഷകരില്‍ നിന്നും വളരെ മികച്ച പിന്തുണയാണ് ഡീപ്പ്‌മൈന്‍ഡിന് ലഭിക്കുന്നത്. 190 രാജ്യങ്ങളില്‍ നിന്നുള്ള അഞ്ച് ലക്ഷത്തിലേറെ ഗവേഷകര്‍ ആല്‍ഫഫോള്‍ഡ് ഡേറ്റബേസിലെ വിവരങ്ങള്‍ ഉപയോഗിച്ചു. ഗവേഷക ലോകം ഡീപ് മൈന്‍ഡ് തയാറാക്കിയ വിവരങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ആവേശം ഡീപ് മൈന്‍ഡ് സ്ഥാപകനും സിഇഒയുമായ ഡെമിസ് ഹസാബിസ് പങ്കിടുകയും ചെയ്തു.

ഏതെങ്കിലും അസുഖത്തിന് പുതിയൊരു മരുന്നു കണ്ടുപിടിക്കുമ്പോഴത്തെ പ്രധാന വെല്ലുവിളി നമ്മുടെ ശരീരത്തിലെ പ്രോട്ടീനുകള്‍ എങ്ങനെ ആ മരുന്നുമായി പ്രവര്‍ത്തിക്കുന്നുവെന്ന് തിരിച്ചറിയുന്നതാണ്. ഇത്തരം സാഹചര്യങ്ങളില്‍ ആല്‍ഫ ഫോള്‍ഡിന്റെ 3ഡി മാതൃകകള്‍ ശാസ്ത്ര ലോകത്തിന് വലിയ സഹായം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍പെങ്ങുമില്ലാത്തവിധം ഭാവിയില്‍ പുതിയ മരുന്നുകളുടെ കണ്ടെത്തലിനും ഇത് സഹായകമാകും.


Post a Comment