Posts

വാട്‌സാപില്‍ രണ്ടു ദിവസത്തിനു ശേഷവും ഡിലീറ്റ് ഫോര്‍ എവരിവണ്‍! അഡ്മിനും അധികാരം വരുന്നു

പോസ്റ്റ് ചെയ്ത സന്ദേശം രണ്ടു ദിവസത്തിനു ശേഷവും ഡിലീറ്റു ചെയ്യാവുന്ന ഫീച്ചറുമായി വാട്സാപ്. ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന ഫീച്ചറിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. മുൻപ്, ഒരാൾ മറ്റൊരാൾക്ക് അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ കഴിയുമായിരുന്നില്ല. പിന്നീടാണ് ഡിലീറ്റ് സൗകര്യം അനുവദിച്ചത്.
ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ 2018 ല്‍ ആണ് അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ 7 മിനിറ്റായിരുന്നു സമയപരിധി. ഒരാള്‍ ഇട്ട മെസേജ് അതു ലഭിച്ചയാളുടെ ഇന്‍ബോക്‌സില്‍നിന്നും സ്വന്തം ഇന്‍ബോക്‌സില്‍ നിന്നും ഡിലീറ്റു ചെയ്യാന്‍ ഉള്ള അനുമതി ആയിരുന്നു ഇത്. അറിയാതെയും മറ്റും പോസ്റ്റു ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഇതു സഹായകമായിരുന്നു.


പിന്നീട്, സന്ദേശം ഡിലീറ്റു ചെയ്യാനുള്ള സമയപരിധി 1 മണിക്കൂര്‍ 8 മിനിറ്റും 16 സെക്കന്‍ഡും ആയി നീട്ടി. അതാണ് ഇപ്പോൾ‌ വീണ്ടും നീട്ടിയത്. പുതിയ സമയപരിധി 2 ദിവസവും 12 മണിക്കൂറും ആണ്. ബീറ്റാ ഉപയോക്താക്കള്‍ക്കാണ് ഇത് ഇപ്പോൾ ലഭ്യമെന്നും എല്ലാവര്‍ക്കും നല്‍കിയതായി വാട്‌സാപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണമില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

∙ ഫീച്ചര്‍ ലഭ്യമല്ലെങ്കില്‍ എന്തു ചെയ്യണം?

ഈ ഫീച്ചര്‍ ഇന്ത്യയില്‍ ‌പ്രവര്‍ത്തിച്ചു തുടങ്ങിയെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇതു ലഭിക്കുന്നില്ലെന്നു തോന്നുന്നവര്‍ വാട്സാപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ആണോ ഉപയോഗിക്കുന്നതെന്ന് പരിശോധിക്കുക. അല്ലാത്തപക്ഷം ആപ് അപ്‌ഡേറ്റു ചെയ്യുക. 

∙ യാദൃച്ഛികമോ?

വാട്‌സാപിന്റെ എഫ്എക്യു (FAQ) വിഭാഗത്തില്‍ ഇപ്പോഴും ഡിലീറ്റ് ഫോര്‍ എവരിവണിന് സമയ പരിധി 1 മണിക്കൂര്‍ 8 മിനിറ്റും 16 സെക്കന്‍ഡും ആണെന്നാണ് പറയുന്നത്. പക്ഷേ 2 ദീവസം 12 മണിക്കൂര്‍ ഇന്ത്യയില്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലെങ്കിലും ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, തങ്ങളുടെ എന്തെങ്കിലും സാങ്കേതികപ്പിഴവു മൂലമാണ് ഈ ഫീച്ചർ എല്ലാവർക്കും ലഭ്യമായതെങ്കിൽ കമ്പനി അത് തത്കാലത്തേക്കെങ്കിലും തടഞ്ഞേക്കും. 

∙ അഡ്മിനുകള്‍ക്കും ഡിലീറ്റ് ചെയ്യാന്‍ അധികാരം വരുന്നു

വാട്‌സാപ്പിന്റെ 2.22.17.12 ബീറ്റാ വേര്‍ഷനില്‍ ഗ്രൂപ്പ് അഡ്മിനുകള്‍ക്കും ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ നല്‍കുമെന്ന് വാബിറ്റാഇന്‍ഫോ പറയുന്നു. ഗ്രൂപ്പില്‍നിന്ന് നീക്കിക്കളയണം എന്നു കരുതുന്ന സന്ദേശങ്ങളില്‍ വിരലമര്‍ത്തിയാല്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ സന്ദേശം പ്രത്യക്ഷപ്പെടുന്ന രീതിയിലാണ് ഇതു വരുന്നതെന്നാണ് റിപ്പോര്‍ട്ട്. 

Post a Comment