Posts

മൊബൈൽ നിരക്ക് വര്‍ധന എയർടെലിനെ രക്ഷിച്ചു, വരുമാനം കുത്തനെ കൂടി

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ എയർടെലിന്റെ വരുമാനം കുത്തനെ കൂടിയതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ നിരക്ക് വർധനയും ചെലവ് ചുരുക്കലും കമ്പനിയെ രക്ഷിച്ചു. രണ്ടാം പാദത്തിലെ വരുമാനത്തിൽ 22 ശതമാനം വർധനവാണ് കാണിക്കുന്നത്. ഇതോടൊപ്പം മൊബൈൽ ഡേറ്റാ ഉപഭോഗത്തിൽ ഒരു വർഷം 16.6 ശതമാനം വർധനവ് ഉണ്ടായതായി എയർടെൽ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ എയർടെൽ തിങ്കളാഴ്ചയാണ് രണ്ടാം പാദ റിപ്പോർട്ട് പുറത്തുവിട്ടത്. 4ജി വരിക്കാരുടെ എണ്ണവും ഉയർന്ന ഡേറ്റാ ഉപഭോഗവും വർധിച്ചിട്ടുണ്ട്. ഒരു ഉപയോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം (ARPU) ഈ പാദത്തിൽ 183 രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 146 രൂപയായിരുന്നു. റിലയൻസ് ജിയോയുടെയും വോഡഫോൺ ഐഡിയയുടെയും എആർപിയു യഥാക്രമം 175.7 രൂപ, 128 രൂപയുമാണ്.

കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 32,805 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 26,854 കോടി രൂപയായിരുന്നു. ഒരു വർഷം മുൻപുള്ളതിനേക്കാൾ മൊബൈൽ ഡേറ്റാ ഉപഭോഗം 16.6 ശതമാനം വർധിച്ചതായി എയർടെൽ പറഞ്ഞു. ഒരു ഉപഭോക്താവിന്റെ ശരാശരി പ്രതിമാസ ഡേറ്റാ ഉപയോഗം 19.5 ജിബിയാണ്.

നവംബറിൽ, താരിഫ് വർധന പ്രഖ്യാപിച്ചപ്പോൾ മൊബൈൽ ആർപു 200 രൂപയിലേക്ക് ഉയർത്തണമെന്ന് കമ്പനി പറഞ്ഞിരുന്നു. പിന്നീട് ഇത് 300 ആയും വർധിപ്പിക്കാനാണ് എയർടെൽ പദ്ധതിയിടുന്നത്. ഏകീകൃത അറ്റാദായം 1607 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇത് 284 കോടി രൂപയായിരുന്നു.

Post a Comment