പുത്തൻ ഫീച്ചറുകൾ ഒരുക്കുന്ന വാട്സആപ്പിന്റെ ആവനാഴി ഒരിക്കലും ഒഴിയില്ല എന്നുള്ളത് നമുക്ക് ഇതിനോടകം വ്യക്തമായ കാര്യമാണ്. അടുത്തടുത്തായി നിരവധി പുത്തൻ ഫീച്ചറുകളാണ് വാട്സ്ആപ്പ് പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്. ഉപയോക്താക്കളുടെ സുരക്ഷയും ഉപയോഗിക്കാനുള്ള എളുപ്പവും വർധിപ്പിക്കുന്നതാണ് ഈ ഫീച്ചറുകൾ എന്നതിനാൽത്തന്നെ പുറത്തുവരുന്ന ഓരോ വാട്സ്ആപ്പ് ഫീച്ചറിനെയും ഏറെ ആകാംക്ഷയോടെയും ആഹ്ലാദത്തോടെയുമാണ് ഉപയോക്താക്കൾ സ്വീകരിച്ച് വരുന്നത്.
വടിവൊത്ത എഴുത്ത്!
ഇപ്പോൾ വാട്സ്ആപ്പിന്റെ ഗവേഷണ ശാലയിൽ നിരവധി ഫീച്ചറുകളുടെ പരീക്ഷണങ്ങളും വികസനവുമൊക്കെ നടക്കുന്നുണ്ട്. ഇതിൽ പല ഫീച്ചറുകളെക്കുറിച്ചും നാം ഇതിനോടകം അറിഞ്ഞതുമാണ്. എന്നാൽ വാട്സ്ആപ്പ് ഇപ്പോൾ തയാറാക്കിക്കൊണ്ടിരിക്കുന്ന ഒരു കിടിലൻ ഫീച്ചറിന്റെ വിവരവും പുതിയതായി പുറത്തുവന്നിട്ടുണ്ട്. ടെക്സ്റ്റ് എഡിറ്റർ എന്ന ഫീച്ചറാണ് വാട്സ്ആപ്പ് പുതിയതായി ഒരുക്കിക്കൊണ്ടിരിക്കുന്ന ആ ഫീച്ചർ. മൂന്ന് പ്രത്യേക സവിശേഷതകളാണ് ഈ ഫീച്ചറിൽ ഉണ്ടാകുക. വാട്സ്ആപ്പിലെ ഡ്രോയിങ് ടൂൾ നവീകരിച്ച് എഴുത്തുകൾ കൂടുതൽ ആകർഷകമായ വിധത്തിൽ തയാറാക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതാകും പുതിയ ഫീച്ചർ.
കഴിവുകൾ പുറത്തെടുക്കാം
ഫോണ്ട്, ടെക്സ്റ്റ് ബാക്ഗ്രൗണ്ട്, ടെക്സ്റ്റ് അലൈൻമെന്റ് എന്നിവയിൽ ഊന്നിയുള്ള നവീകരണമാണ് ടെക്സ്റ്റ് എഡിറ്റർ ഫീച്ചറിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡ്രോയിങ് ടൂൾ മിനുക്കുന്നതിലൂടെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് തങ്ങളുടെ അഭിരുചിക്കനുസരിച്ച് കലാപരമായ കഴിവുകൾ പുറത്തെടുക്കാൻ പുതിയ ഫീച്ചർ സഹായകമാകും എന്നാണ് വിലയിരുത്തൽ. പുതിയ ഫീച്ചറിനെപ്പറ്റി പുറത്തുവന്ന കൂടുതൽ വിവരങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
ഫോണ്ടുകൾ മാറാം
എഴുത്തുകളുടെ ഭംഗി അടങ്ങിയിരിക്കുന്നത് അക്ഷരങ്ങളിലാണ് എന്ന് പറയാം. നല്ല വടിവൊത്ത കൈയക്ഷരത്തിൽ പൊട്ടത്തെറ്റ് എഴുതിവച്ചാലും ആളുകൾ അത് വായിക്കാൻ ഇഷ്ടപ്പെടും. എന്നാൽ മോശം കൈയക്ഷരത്തിൽ എത്ര മനോഹരമായ വാക്യങ്ങൾ എഴുതിയാലും ചിലർ അത് വായിക്കാനുള്ള മെനക്കേട് ഓർത്ത് തിരിഞ്ഞ് നോക്കാറില്ല. സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ മനോഹരമായ വാക്യങ്ങൾ അടങ്ങിയ ഇമേജുകളും മറ്റും വ്യാപകമായി പ്രചരിക്കാറുണ്ട്.
ഇത്തരം ഇമേജുകൾ സൃഷ്ടിക്കാൻ പുതിയ എഡിറ്റിങ് ടൂൾ ഉപയോക്താക്കളെ സഹായിക്കും. ഏറ്റവും അനുയോജ്യമായ ഫോണ്ട് തിരഞ്ഞെടുക്കാനുള്ള പുതയ ടൂൾ ഉടൻ പുറത്തിറങ്ങുന്ന എഡിറ്റിങ് ടൂളിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ട്. ഫോട്ടോകളിലും വീഡിയോകളിലും ജിഫുകളിലും ടെക്‌സ്‌റ്റ് എഡിറ്റുചെയ്യുമ്പോൾ ഈ പുതിയ ഫീച്ചർ ഉപയോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ആകർഷകമായ സൃഷ്ടികൾ നടത്താൻ സഹായകമാകും. കീബോർഡിന് മുകളിലായാണ് പുതിയ ഫോണ്ട് ഓപ്ഷൻ ഉണ്ടാകുക.
ആകർഷകമായി ടെക്സ്റ്റുകൾ വിന്യസിക്കാം
എഴുത്തുകൾ എവിടെ നൽകിയിരിക്കുന്നു എന്നതും ഒരു സൃഷ്ടിയുടെ ഭംഗിയിൽ നിർണായക ഘടകമാണ്. നല്ലൊരു ചിത്രം ഉണ്ടെങ്കിൽ അതിനു മുകളിൽ എഴുത്ത് നൽകിയാൽ ആ ചിത്രത്തിന്റെ പ്രസക്തി നഷ്ടമാകും. ഇഷ്ടമുള്ള ഇടത്ത് ആകർഷകമായി എഴുത്തുകൾ വിന്യസിക്കാനുള്ള അവസരം നൽകുന്നതിലൂടെ കൂടുതൽ കലാപരമായ രീതിയിൽ സൃഷ്ടിനടത്താൻ ഉപയോക്താക്കൾക്ക് സാധിക്കും. ഇത് വാട്സ്ആപ്പിലൂടെ കൂടുതൽ കലാസൃഷ്ടികൾ നിർവഹിക്കാനും ഉപയോക്താക്കളെ പ്രേരിപ്പിക്കും.
എഴുത്തിന്റെ പശ്ചാത്തലം മാറ്റാം
എത്ര ഭംഗിയിലുള്ള ഫോണ്ടിൽ എത്ര ആകർഷകമായി അക്ഷരങ്ങൾ വിന്യസിച്ചാലും അത് കൂടുതൽ മനോഹരമായ റിസൾട്ട് നൽകണമെങ്കിൽ പശ്ചാത്തലവും ആ എഴുത്തിനോട് യോജിക്കുന്ന വിധത്തിലുള്ളതാകണം. ഒപ്പം എഴുത്തിന്റെയും വിന്യാസത്തിന്റെയും മനോഹാരിതയിൽ പശ്ചാത്തലത്തിനും പ്രാധാന്യമുണ്ട്. അതിനാൽ ടെക്സ്റ്റുകൾക്ക് ആകർഷകമായ പശ്ചാത്തലം ഒരുക്കാനും പുത്തൻ വാട്സ്ആപ്പ് ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ബാക്ഗ്രൗണ്ട് കളർ ഉൾപ്പെടെ മാറ്റാനും ടെക്സ്റ്റ് കൂടുതൽ എടുത്ത് കാട്ടാനും സാധിക്കും വിധം പശ്ചാത്തലം ഒരുക്കാൻ പുത്തൻ ഫീച്ചർ സഹായിക്കും.
ഒറിജിനൽ ക്വാളിറ്റിയിൽ ചിത്രങ്ങൾ അയയ്ക്കാം
അധികം വൈകാതെ ഈ എഡിറ്റിങ് ടൂൾ ഫീച്ചർ ഉപയോക്താക്കളിലേക്ക് എത്തും. വാട്സ്ആപ്പ് ഇപ്പോൾ തയാറാക്കിക്കൊണ്ടിരിക്കുന്ന ഇമേജ് ക്വാളിറ്റി ഫീച്ചറാണ് ഉപയോക്താക്കൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രധാന ഫീച്ചർ. എച്ച്ഡി ക്വാളിറ്റിയിൽ ചിത്രങ്ങൾ അയയ്ക്കാൻ ഈ പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. നിലവിൽ വാട്സ്ആപ്പ് ഇമേജ് ക്വാളിറ്റി നിശ്ചയിക്കാൻ ചില ഓപ്ഷനുകൾ നൽകിയിട്ടുണ്ടെങ്കിലും അവ അത്ര പോര എന്നാണ് ഉപയോക്താക്കളുടെ അനുഭവം. ഈ പോരായ്മ പരിഹരിക്കാനാണ് ഒറിജിനൽ ക്വാളിറ്റിയിൽ തന്നെ ചിത്രങ്ങൾ അയയ്ക്കാൻ അനുവദിക്കുന്ന പുത്തൻ ഫീച്ചർ വാട്സ്ആപ്പ് തയാറാക്കുന്നത്. അധികം വൈകാതെ ഈ ഫീച്ചർ ഉപയോക്താക്കളിലേക്ക് എത്തും എന്ന് വാബീറ്റ ഇൻഫോ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.